പഴയങ്ങാടി: ഓപ്പറേഷൻ തൂഫാൻ റെയ്ഡിൽ കാറിൽ കടത്തുകയായിരുന്ന 4.6 ഗ്രാം എംഡിഎംഎയുമായി രണ്ടു പേരെ പഴയങ്ങാടി പോലീസും ഡാൻസാഫ് സ്ക്വാഡും ചേർന്ന് പിടികൂടി.
ഏഴോം പുല്ലാഞ്ഞിടയിലെ ജമീല മൻസിലിൽ സി.ടി. നൗഫൽ (47), ഏഴോം മൂലയിലെ എ. സഹദ് മുഹമ്മദ് (28) എന്നിവരെയാണ് എസ്ഐ കെ. ഷുഹൈബും സംഘവും അറസ്റ്റുചെയ്തത്. കഴിഞ്ഞ ദിവസം വൈകുന്നേരം 5.30 ഓടെ മാട്ടൂൽ മൂസാക്കൻ പള്ളി ബസ്സ്റ്റോപ്പിനടുത്ത് വച്ചാണ് കാറിൽ കടത്തുകയായിരുന്ന എംഡിഎംഎയുമായി യുവാക്കളെ പോലീസ് പിടികൂടിയത്.
കാറും പ്രതികളുടെ ഫോണുകളും കസ്റ്റഡിയിലെടുത്തു. പോലീസ് സംഘത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പി.വി. ജയേഷ്, കെ. സുമേഷ്, ഡ്രൈവർ സുമിനേഷ് എന്നിവരും ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളുമുണ്ടായിരുന്നു.
ഇ-സിഗരറ്റുകൾ പിടികൂടി
മട്ടന്നൂർ: മട്ടന്നൂരിൽ പോലീസ് നടത്തിയ പരിശോധനയിൽ ഇ-സിഗരറ്റുകളും മയക്കുമരുന്ന് ഉപയോഗിക്കുന്ന ഉപകരണങ്ങളും പിടികൂടി. സംസ്ഥാന വ്യാപകമായി ലഹരി മാഫിയയ്ക്കെതിരെ ആരംഭിച്ച ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്. മട്ടന്നൂരിലെ വ്യാപാര സ്ഥാപനത്തിൽ നിരോധിത മയക്കുമരുന്നുകൾ ഉപയോഗിക്കാനുള്ള ഉപകരണങ്ങൾ വിൽക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന നടത്തിയത്.
നിരോധിച്ചിട്ടുള്ള ഇലക്ട്രോണിക് സിഗരറ്റുകൾ, എംഡിഎംഎ, കഞ്ചാവ് എന്നിവ വലിക്കാൻ ഉപയോഗിക്കുന്ന ഫണലുകൾ, ഗ്ലാസ് ട്യൂബുകൾ, ഒസിബി പേപ്പറുകൾ എന്നിവയാണ് കടയിൽ നിന്ന് പോലീസ് കണ്ടെടുത്തത്. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ നിധിൻരാജിന്റെ കർശന നിർദേശപ്രകാരം മട്ടന്നൂർ പോലീസ് സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.
2.25 കിലോ കഞ്ചാവുമായി ബീഹാർ സ്വദേശി അറസ്റ്റിൽ
ചക്കരക്കൽ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ചക്കരക്കൽ പോലീസ് നടത്തിയ പരിശോധനയിൽ രണ്ടേ കാൽ കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. ബീഹാർ സ്വദേശി സന്തോഷ് മോനിയെയാണ് (39) ചക്കരക്കൽ പോലീസ് അറസ്റ്റ് ചെയ്തത്.
രഹസ്യവിവരത്തെ തുടർന്ന് ഇന്നലെ പുലർച്ചെ പോലീസും നർക്കോട്ടിക് സെല്ലും സംയുക്തമായി കാവിൻമൂലയിൽ ഇയാൾ വാടകയ്ക്ക് താമസിക്കുന്ന മുറിയിൽ പരിശോധന നടത്തുകയായിരുന്നു. കഞ്ചാവ് ചെറിയ പൊതികളിലാക്കി വില്പനയ്ക്ക് തയാറാക്കിയ നിലയിലായിരുന്നു കണ്ടെത്തിയത്. അഞ്ചരക്കണ്ടി ഹൈസ്കൂൾ പരിസരത്താണ് ഇയാൾ താമസിച്ചു വന്നിരുന്നത്. സ്കൂൾ വിദ്യാർഥികളടക്കമുള്ളവരെ ലക്ഷ്യമിട്ടായിരിക്കാം കഞ്ചാവ് എത്തിച്ച് വില്പനയിൽ ഏർപ്പെട്ടതെന്നാണ് സംശയം.
ചക്കരക്കൽ എസ്ഐ ഇ.വി.വിനീത്, സിപിഒമാരായ ലിജു, മുഹമ്മദ് റമീസ് , നിസാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
10.5 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ
പരിയാരം: കഞ്ചാവുമായി യുവാവ് പിടിയിൽ. കുണ്ടപ്പാറ സ്വദേശി വി.ജെ. സഞ്ജു(24)ആണ് അറസ്റ്റിലായത്. കുണ്ടപ്പാറ കപ്പേള പള്ളിക്ക് സമീപത്തെ വീട്ടിൽ നടത്തിയ റെയിഡിൽ നിലത്തുവിരിച്ച ബെഡിന് അടിയില്‍ സൂക്ഷിച്ച 10.5 ഗ്രാം കഞ്ചാവ് പിടിച്ചെടുക്കുകയായിരുന്നു.
ജില്ല പോലീസ് മേധാവിയുടെ ഡാന്‍സാഫും പരിയാരം എസ്ഐ വൈശാഖ് മണിലാല്‍, ഗ്രേഡ് എസ്ഐ വിനയന്, എഎസ്ഐ പി.വി. സുനേഷ്, സിപിഒ സിന്ധു, ഹോം ഗാര്‍ഡ് രാഘവന് എന്നിവരടങ്ങിയ സംഘവുമാണ് റെയ്ഡ് നടത്തിയത്.